പരാദം

ശ്രീജ ജയശ്രീ                                                     
                                                                                       
'ഈരാത്രിയിവിടെ
കഴിഞ്ഞോട്ടേ'
എന്നൊരാൾക്കു സമ്മതം
പറയുമ്പോൾ
'എവിടെ' എന്നു ചോദിക്കാൻ
വിട്ടുപോകുന്നൊരാളാണ് നിങ്ങൾ.

പ്രത്യേകതകളൊന്നുമില്ലാത്ത
ആ രാത്രിക്കൊടുവിൽ,
രാവിലെ എന്ന സ്ഥലത്ത്,
ടവ്വൽ എടുക്കുമ്പോൾത്തന്നെ
നിങ്ങളെയവൻ
കുളിപ്പിച്ചെടുക്കുന്നു.

ഉച്ച എന്ന സ്ഥലത്ത്,
പ്ലേറ്റെടുക്കുമ്പോൾത്തന്നെ
ഏമ്പക്കമിടീപ്പിക്കുന്നു.
കാലിയായ അരിക്കലംകണ്ട്
നിങ്ങൾ അന്തംവിട്ട് നിൽക്കുന്നു.

രാത്രി എന്ന സ്ഥലത്തുവച്ച്,
നിങ്ങളെ തന്നെ ഭോഗിക്കുന്ന
നിങ്ങളെ അയാളിൽ കണ്ടെത്തുന്നു.

സ്വപ്നങ്ങളിൽ
ഇത്തിളുപിടിച്ചമാവ്,
പാമ്പ് നിറഞ്ഞ
പഴുത്തമാങ്ങകൾ

അടുക്കളയിൽചെന്നു
നിങ്ങൾ വിശപ്പ് തപ്പുന്നു,
ദാഹിക്കാനായി
കിണറ്റിൽ ചാടുന്നു,
പ്രണയിക്കാനായി
നിങ്ങളൊരു
സന്യാസിയാവുന്നു.

ചിതൽമൂടിയ വീട്ടിൽ
സമാധിയിൽ നിങ്ങളെ
ചിലർ കണ്ടെത്തുന്നു,
മരിച്ചെന്നു കരുതി
അവസാനത്തെ മാവും മുറിക്കുന്നു.
വിറകട്ടികൾക്കിടയിൽനിന്ന്
നിങ്ങളുടെ ശവശരീരം
കളവുപോകുന്നു
അഥവാ
കണ്ടെത്താനാകാതെവരുന്നു

'ഈരാത്രിയിവിടെ
കഴിഞ്ഞോട്ടെ'
എന്നൊരു
ശരീരരഹിതശബ്ദം
പലവാതിലിലുംമുട്ടി
തെറിച്ചുതെറിച്ചുപോകുന്നു.

©  ശ്രീജ ജയശ്രീ