കണ്ടുപോവുന്നതിന്റെ ചരിത്രം

നീലിമ

കണ്ടുപോവുന്നതിന്‍റെ ചരിത്രം ആരിലായിരുന്നു നാം ആദ്യം ചെയ്തത്?

കുട്ടിക്കാലത്തിന്‍റെ മന്ത്രി നമ്മിലുലാത്തിയിരുന്ന വേനലുകള്‍
ദൈര്‍ഘ്യമേറിയവ തന്നെയായിരുന്നല്ലോ.

നീണ്ട കാലങ്ങള്‍. നീങ്ങാത്ത സമയസൂചികള്‍. വിഭജിക്കപ്പെടാത്ത നേരം.
കുട്ടിക്കാലത്തിന്‍റെ മന്ത്രി നമ്മിലുലാത്തിയിരുന്ന വേനലുകള്‍.
ഓടിപ്പോവേണ്ടിയിരുന്ന ഉച്ചകള്‍.

പയറുവള്ളികളില്‍ സൂര്യപ്രകാശം വളവുകള്‍ വ്യക്തമാക്കുന്നതിന്‍റെ
പച്ചയും മഞ്ഞയും ഉറുമ്പുകളും കയറും പടര്‍ന്നതിന്‍റെ അനുഭവം.

കുട്ടിക്കാലത്തിന്‍റെ മന്ത്രി ഉറങ്ങുമ്പോള്‍ നമ്മള്‍
ചെയ്തതത്രയുംചെയ്തതെന്നു തന്നെ സമ്മതിക്കുന്നു.

കണ്ടു നില്‍ക്കാന്‍ മാത്രമായി സൌകര്യമില്ലാതിരുന്നപ്പോള്‍ നട്ടുനോക്കിയ
പയറു ചെടികളുടെ ഇഴച്ചിലില്‍ സഞ്ചരിച്ച ദൂരങ്ങള്‍- തിന്നു നോക്കിയതും
തേള് കുത്തിയതും വയലറ്റ് പൂക്കളില്‍ അതിശയിച്ചതും ചെയ്തതു തന്നെ.

പഞ്ഞമാസങ്ങളില്‍ മന്ത്രിമാരും പോലീസുകാരും നമ്മിളിലിറങ്ങിയുറങ്ങി,
ജീവികള്‍ സ്വന്തം കല്ലറ നിര്‍മ്മിച്ചേക്കാവുന്ന ദൈന്യതയുടെ
കപടഅകമ്പടിയോടെ പയറുപന്തലിനെ അതിന്‍റെകരിഞ്ഞ അസ്ഥികളിലിരുത്തി.

ശേഷവും കടുത്ത വേനല്‍ തേച്ചുമിനുക്കിയ പഴയ പാത്രങ്ങളുടെ തിളക്കവും
ശബ്ദവും അനുകരിച്ചുകൊണ്ട് ഭീമാകാരമായ ഒരു നിഴലായി കുളക്കരയിലൂടെ
വെയില്‍ പിന്‍വാങ്ങിയിട്ടില്ലാത്ത വൈകുന്നേരങ്ങളില്‍ നൂണ്ടുപോയി.

അതിന്‍റെ ചലനം മാംസപേശികള്‍ ആഞ്ഞുനടക്കുന്ന ഒരു ഉടുമ്പിന്‍റെ
ഉടല്‍ സമാനം നീങ്ങുന്നതിന്‍റെ ഫോസ്സില്‍ കണ്ണടച്ചാല്‍ കാണാം.

കണ്ടുപോവുന്നതിന്‍റെ ചരിത്രം ആരുടെതാണ്?എഴുത്തനുഭവം:


തുടക്കം

കണ്ടുപോവുന്നതിന്‍റെ ചരിത്രം എന്ന വാക്കാണ്‌ ആദ്യം കിട്ടിയത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍. കുറഞ്ഞ സമയത്തെ കാഴ്ചകള്‍, പിന്നെ അതിന്‍റെ ഓര്‍മ്മ. ആ വാക്കു മാത്രം അങ്ങനെ കിടന്നു. ഒരിടത്ത് എഴുതിയിട്ടു. കവിതയുടെ രൂപത്തിലേക്ക് എത്തുന്നത് പിന്നെയാണ്.

മാറ്റിയെഴുത്ത്

ഒരു രണ്ടു മൂന്നു ദിവസമൊക്കെ. എന്ന് വെച്ചാല്‍ തുടര്ച്ചയായല്ല. ഇടയ്ക്കിടയ്ക്ക്.. അങ്ങനെ..

പ്രചോദനം

പ്രചോദനം വിശ്വസിക്കാവുന്ന ഒരാളാണോ. അറിയില്ല..അവിചാരിതമായി സംഭവിച്ചാല്‍ നല്ലത്. മൂഡ്‌ വേണമെങ്കില്‍ പാട്ടു കേട്ടോ എന്തെങ്കിലും വായിച്ചോ ഉണ്ടാക്കാവുന്നതേയുള്ളൂ. പലര്‍ക്കും പല രീതിയാണ്. പക്ഷെ പ്രചോദനം കുറെ കൂടി വലിയ പുള്ളിയാണെന്ന് തോന്നുന്നു.  “കണ്ടു പോവുന്നതിന്റെ ചരിത്രം” എന്ന വാക്കു മാത്രമേ ആദ്യം ഉള്ളു. പിന്നെ കുറെ നാള്‍ കഴിഞ്ഞു. അപ്പോള്‍ Carol Anne Duffy യുടെ “We Remember Your Childhood Well” എന്ന കവിത വായിച്ചു. അന്നേരം “കണ്ടു പോവുന്നതിന്റെ ചരിത്രം” തിരിച്ചു വന്നു. Duffy യുടെ കവിതയുടെ രൂപം വേണമെന്നെനിക്ക് തോന്നി. അതില്‍ കാഴ്ചയുടെ അടര്ന്നടന്നു പോവുന്ന ഒരു ഫീലിംഗ് തോന്നി. Duffy യുടെ കവിതയില്‍  “Secret police of childhood”  എന്നുണ്ട്. അത് ഞാന്‍ എടുത്തു, കുട്ടിക്കാലത്തിന്‍റെ പോലീസുകാര്‍. അതോഴിവാക്കി എന്റെ ഒരു വാക്കിനു ഞാന്‍ കുറെ ശ്രമിച്ചു പരാജയപ്പെട്ടു. ആ വാക്കുപയോഗിക്കുമ്പോള്‍ മാത്രം ഉണ്ടാവുന്ന ഒന്ന് “കണ്ടു പോവുന്നതിന്റെ ചരിത്ര”ത്തിനു വേണമായിരുന്നു. കുട്ടിക്കാലം എന്ന തീം അങ്ങനെ വന്നതാണ്‌. കുറച്ചുകൂടി സാമൂഹികമായിരുന്ന ഒരു ആശയമായിരുന്നു തുടക്കത്തില്‍ മനസ്സിലുണ്ടായിരുന്നത്.പല സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു പോവുന്ന ആള്കൂട്ടങ്ങളെ പറ്റിയോ മറ്റോ. ഇപ്പറഞ്ഞത് പ്രചോദനവുമായി ബന്ധപ്പെട്ടതാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. നോക്കി കാണുന്ന രീതി പോലെ ഇരിക്കും.

കവിത ഇപ്പോഴത്തെ രൂപമാർജിച്ചത് എങ്ങനെയാകാം?

പറഞ്ഞല്ലോ. പക്ഷെ ഒന്നും മനപ്പൂര്‍വം ചെയ്തതല്ല. വന്നു ചേര്‍ന്നതാണ്. പിന്നെ ചില ശ്രമങ്ങള്‍ നടത്തി നോക്കുന്നു. ഈ കവിത അടുത്തെഴുതിയത് കൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. അത് കൊണ്ട് അതിലേക്ക് വീണ്ടും ചെല്ലാന്‍ കുറച്ചുകൂടി എളുപ്പമാണ്.

അസ്വാഭാവികമായി എന്തെങ്കിലും?

ഒന്നുമില്ല. തീര്‍ത്തും സ്വാഭാവികം. പേന, പേപ്പര്‍, എന്‍റെ ശരീരം.

എഴുതിയതിനു ശേഷം എത്രകാലം കഴിഞ്ഞാണു കവിത പ്രസിദ്ധീകരിച്ചത്?

ഒരാഴ്ചയ്ക്കുള്ളില്‍ ആയിരിക്കണം.

ലക്ഷ്യമിടുന്ന വായനക്കൂട്ടം

വായനക്കാരനെ പറ്റിയൊക്കെ ആലോചിച്ചു നോക്കാറുണ്ട്. എല്ലാം വായിക്കുന്ന ഒരു വായനക്കാരനെ സങ്കല്‍പ്പിക്കുന്നു. പക്ഷെ എഴുതുമ്പോള്‍ അങ്ങനെ ആരെയും  ഓര്‍ക്കാറില്ല.

മറ്റു കവിതകളിൽ നിന്നും ഈ കവിതയുടെ വേറിടൽ

അതൊന്നും പറയാന്‍ അറിയില്ല. ആയിട്ടില്ലെന്നുമാവാം. അറിയില്ല. ഒരു പക്ഷെ ഒരാള്‍ തന്നെ എഴുതുന്ന വേറെ വേറെ കവിതകള്‍ എന്നാ രീതിയിലാവും വേറിട്ട്‌ നില്‍ക്കുന്നത്. എഴുത്ത് മാറുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ തോന്നുന്നുള്ളൂ. അതു വ്യക്തിപരമായി തോന്നുന്നതാണ്. 24 വയസ്സുള്ള ഒരാള്‍ എന്ന നിലയില്‍ ഈ ചോദ്യത്തിന് ഉത്തരം തരാതിരിക്കാമെന്നു കരുതുന്നു.

പോൾ വലേരി പറയുന്നത് ഇങ്ങനെ: "A poem is never finished, only abandoned.". ഈ കവിത പൂർണ്ണമാണോ അതോ ഉപേക്ഷിക്കപ്പെട്ടതോ?

പോള്‍ വലേരി അത് പറഞ്ഞു കഴിഞ്ഞല്ലോ. കവിതയെ പൊതുവില്‍ ഉദ്ദേശിച്ചായിരിക്കും അദേഹം പറഞ്ഞത്.അപ്പോള്‍ പിന്നെ ഞാന്‍ എന്തു പറഞ്ഞിട്ടെന്താണ്? എഴുതി പോവുന്ന ആള്‍ക്ക് പൂര്‍ണമായി എന്നൊരു തോന്നല്‍ ചിലപ്പോള്‍ ആവശ്യമാണ്. പ്രസിദ്ധീകരിക്കാന്‍ കൊടുക്കുന്നതൊക്കെ ആ ബലത്തിന്‍മേലായിരിക്കുമല്ലോ. എങ്കില്‍ പിന്നെ പൂര്‍ണമായില്ല എന്ന് ബഹളം വെച്ച് കവിയെ വിഷമിപ്പിക്കണോ? ആള്‍ തന്‍റെ കവിതയുടെ കുത്തും കോമയും തുടങ്ങി എല്ലാം കൃത്യമെന്നു വിശ്വസിച്ചോട്ടെ. കുറച്ചു കഴിയുമ്പോള്‍ കവിക്ക്‌ തന്നെ വിശ്വാസം മടുക്കും. കവികളുടെ കാര്യമാണ് പറഞ്ഞത്. നമുക്ക് നമ്മുടെ സ്വാതന്ത്രമുണ്ട്. ചിലപ്പോള്‍ കവിതയുടെ ഉടുതുണിയഴിച്ചു നോക്കേണ്ടിവരും. ശ്വാസം കിട്ടുമല്ലോ.. കവിതയ്ക്കും അതിഷ്ടമാവാനാണ് സാധ്യത. അകത്തളത്തില്‍ മൂടിപുതച്ചിരുന്നിട്ട് എന്ത് കിട്ടാനാണ്‌? അവിടെയും  കവിത വീണ്ടും  അനാഥമാവുന്നു, ഉപേക്ഷിക്കപെടുന്നു, അപൂര്‍ണമായി തുടരുന്നു. അതിനു അനുവദിക്കണം.ഏറ്റെടുക്കേണ്ടതില്ല. ഒരിക്കലും ആരും ഏറ്റെടുക്കേണ്ട ഒന്നല്ല കവിത എന്നു തോന്നുന്നു. കവിത നിങ്ങളെ ഏറ്റെടുക്കുന്നതും നിങ്ങള്‍ കവിതയെ ഏറ്റെടുക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നും തോന്നുന്നു.


നീലിമ: 1994 ജനുവരി 19-ന് ജനനം. ഒറ്റയ്ക്കൊരു കടല്‍ എന്ന കവിതാസമാഹാരം 2014ല്‍ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചു.
2018, ജനുവരി