ഷുണ്‍ടാരോ താനികാവയുടെ പുഴ

ഷുണ്‍ടാരോ താനികാവയുടെ പുഴ

ഷുണ്‍ടാരോ താനികാവ   
                                                           

പരിഭാഷ: അനിത തമ്പി


പുഴ ചിരിക്കുന്നതെന്തിനാണമ്മേ?
സൂര്യനിക്കിളിയാക്കയാലല്ലേ?

പാട്ടുപാടുന്നതോ പുഴ, അമ്മേ?
ഇമ്പമുണ്ടതു കേൾ‌ക്കുവാനെന്ന് വാനമ്പാടികൾ ചൊൽ‌കയാലാവാം

പുഴ തണുത്തിരിക്കുന്നതോ അമ്മേ?
മഞ്ഞുമായ് പണ്ട് സ്നേഹം പകുത്തതിന്നോർമ്മയാലായിരിക്കണം കുഞ്ഞേ

എന്തു പ്രായം പുഴയ്ക്കെന്റെയമ്മേ?
നിത്യയൌവ്വനവാസന്തകാലത്തിനൊത്തപ്രായം പുഴയ്ക്കും മതിക്കും

പുഴയൊരിടത്തിരിക്കാത്തതെന്തേ?
പെണ്ണവൾ വീടണയുന്നതും നോക്കി അമ്മയാം കടൽ കാക്കുകയല്ലേ?പരിഭാഷ: ബാലചന്ദ്രൻ ചുള്ളിക്കാട്


അമ്മേ,
പുഴ ചിരിക്കുന്നതെന്താ?
സൂര്യൻ അതിനെ ഇക്കിളിയാക്കുന്നതുകൊണ്ട്.

അമ്മേ,
പുഴ പാടുന്നതെന്താ?
വാനമ്പാടി പുഴയുടെ ശബ്ദത്തെ പുകഴ്ത്തിയതുകൊണ്ട്.

അമ്മേ,
പുഴയ്ക്കിത്ര തണുപ്പെന്താ?
അതു മഞ്ഞിന്റെ സ്നേഹത്തെ ഓർക്കുന്നതല്ലേ.

അമ്മേ ,
പുഴയ്ക്കെത്ര വയസ്സായി?
പൂക്കാലത്തെപ്പോലെ എന്നും പതിനാറ്.

അമ്മേ, അമ്മേ,
പുഴ ഒരിക്കലും നിൽക്കാത്തതെന്താ?
അതോ,
വീട്ടിൽ കടലമ്മ അവളെ കാത്തിരിക്കയല്ലേ.പരിഭാഷ: ഉമാ രാജീവ്‌


അമ്മേ
ഈ പുഴയെന്തിനാ ചിരിക്കുന്നേ?
എന്താന്നൊ, സൂര്യൻ പുഴയെ ഇക്കിളികൂട്ടീട്ടാ

അമ്മേ
ഈ പുഴയെന്തിനാ പാടുന്നേ?
അതേ, വാനമ്പാടി പുഴയുടെ ശബ്ദത്തെ പുകഴ്ത്തിപ്പറഞ്ഞിട്ടാ

അമ്മേ,
ഈ പുഴയ്ക്കെന്താ തണുപ്പ്?
ഒരിക്കൽ മഞ്ഞ് അതിനെ സ്നേഹിച്ചിരുന്നത് ഓർത്തിട്ടാ

അമ്മേ,
ഈ പുഴയ്ക്കെത്രവയസ്സായി?
അതിനു എന്നെന്നുമുള്ള വസന്തത്തിന്റെ അതേ പ്രായമാ

അമ്മേ,
ഈ പുഴയെന്താ ഒരിക്കലും വിശ്രമിക്കാത്തെ?
അതോ, അത് അമ്മക്കടൽ പുഴ വീട്ടിൽ തിരിച്ചുചെല്ലുന്നതും കാത്തിരിക്കയല്ലെEnglish version:

River


Translated from the Japanese by Harold Wright.

Mother,
Why is the river laughing?

Why, because the sun is tickling the river.

Mother,
Why is the river singing?

Because the skylark praised the river’s voice.

Mother,
Why is the river cold?

It remembers being once loved by the snow.

Mother,
How old is the river?

It’s the same age as the forever young springtime.

Mother,
Why does the river never rest?

Well, you see it’s because the mother sea
is waiting for the river to come home.


ഷുണ്‍ടാരോ താനികാവ 

യുദ്ധാനന്തര ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട കവിയാണ്‌ ഷുണ്‍ടാരോ താനികാവ.1931 ല്‍ ജനിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി 19 ആം വയസ്സില്‍ പ്രസിധീകരിക്കാപ്പെട്ടു.അറുപതിലധികം കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്