പ്രഭു ഭവനത്തിലെ പാർട്ടി
അഥവാ മില്ലു തൊഴിലാളിയെപ്പറ്റി

ഷാവോ കബ്രാൾ ഡി മെലോ നെറ്റോ
പരിഭാഷ: പി.രാമൻ


1
- പഞ്ചാരമില്ലു തൊഴിലാളി
മില്ലെത്ര ചെറുതോ വലുതോ
-മട്ടൊന്നു വേറെയായ്ക്കാണും
മില്ലു തൊഴിലാളിയിതു തന്നെ.
-വാറ്റു കമ്പനിയിലേയാട്ടെ
സംസ്കരണശാലയിലെയാട്ടെ
- 'പഞ്ചാരമില്ലു തൊഴിലാളി'
അവനെക്കുറിക്കുമടയാളം
-പേരെന്തായാലും സമ്പാദ്യം
തസ്തികയേതുമായാലും
- 'പഞ്ചാരമില്ലു തൊഴിലാളി'യെന്ന
വാക്കിലവനെല്ലാമൊതുക്കും.

6
-പഞ്ചാരമില്ലു തൊഴിലാളി
കുട്ടിയുടെ രൂപത്തിലിപ്പോൾ
- ചള്ളല്ല, കട്ടിക്കരിമ്പു -
മല്ലവൻ, രണ്ടിനും മധ്യേ
- മില്ലുപണിക്കാരൻ കുട്ടി
ചള്ളു കരിമ്പിൽക്കവിഞ്ഞ്.
- എല്ലിച്ചിരിക്കുകയാലേ തന്റെ
തന്തയെപ്പോലവനേറെ.
- പഞ്ചാരമില്ലു തൊഴിലാളി
കുട്ടിയുടെ രൂപത്തിലിപ്പോൾ
- അവനൊരിളം കരിമ്പല്ല
കാമ്പുറച്ചുള്ളതുമല്ല.
- കട്ടിക്കരിമ്പേറെ വട്ടം
വെട്ടുകയാൽ ബലമറ്റോൻ
- നാലഞ്ചു വട്ടവും വെട്ടിയേs -
ത്തുന്നു വീണ്ടും വന്ന കാമ്പ്.

11
- പഞ്ചാരമില്ലു തൊഴിലാളി
പെണ്ണിന്റെ രൂപത്തിലിപ്പോൾ
- രണ്ടു കാലിൽ നീർന്നു നിൽക്കും -ഒഴി-
ഞ്ഞൊന്നുമില്ലാത്തോരു ചാക്ക്
- പഞ്ചാരച്ചാ,ക്കതിന്നുള്ളിൽ
പഞ്ചാരയില്ലാത്ത ചാക്ക്
- പഞ്ചാരമില്ലു തൊഴിലാളി
പെണ്ണിന്റെ രൂപത്തിലിപ്പോൾ
- സംഭരിക്കാൻ സംരക്ഷിക്കാൻ
ശേഷിയില്ലാത്തൊരു ചാക്ക്
- ശൂന്യമാകാൻ വേണ്ടി മാത്രം
ജന്മമെടുത്തോരു ചാക്ക്
- ആർക്കുമറിയില്ലവളിൽ മറ്റു -
ചാക്കുകളെങ്ങനെയുണ്ടായ്

16
- പഞ്ചാരമില്ലു തൊഴിലാളി
വയസ്സന്റെ രൂപത്തിലിപ്പോൾ.
- അത്ര ദൂരത്തെ വാർദ്ധക്യം കിട്ടീ
യാദൃച്ഛികമായവന്
- മിൽത്തൊഴിലാളി വയസ്സനായ -
തവസരമൊത്തുവന്നല്ല.
- ആ യുവ മിൽപ്പണിക്കാരൻ തന്റെ
പ്രായം ധൃതികൂട്ടി വിട്ടു.
- പഞ്ചാരമില്ലു തൊഴിലാളി
വയസ്സന്റെ രൂപത്തിലിപ്പോൾ
- അത്ര ദൂരത്തിലേക്കെത്താൻ, അസ്ഥി -
കൂടമാവാനവൻ വെമ്പി
- ധൃതിയിൽ മെലിഞ്ഞു വളർന്നൂ മണ്ണു -
ചുമരൊന്നിടിയുന്ന പോലെ
-മണ്ണാണയാളുടെ മാംസം,ചട്ട -
ക്കൂടാണയാൾക്കസ്ഥികൂടം

2
- പഞ്ചാരമില്ലു തൊഴിലാളി - ദൂരെ -
നിന്നു കണ്ടാൽ നമ്മെപ്പോലെ.
- അല്പമടുത്തുന്നു നോക്കീടുന്നൊ-
രാൾക്കവനെന്തെന്നു കാണാം.
-പഞ്ചാരമില്ലു തൊഴിലാളി - തൊട്ട -
ടുത്ത്, കൂർത്തോരു കണ്ണിന്ന്.
- എല്ലാ നിലക്കും മനുഷ്യൻ, പക്ഷേ
പാതി മൂല്യം മാത്രമുള്ളോൻ
- എന്തു നിങ്ങൾക്കുണ്ടെനിക്കും, അവ
നഷ്ടമായിട്ടില്ലയാൾക്കും
- ഏതൊരാളേയും കണക്കാണയാൾ
ഓരോ ചെറു തരി തോറും .
- ഏതൊരാളേയും പോൽ, എന്നാലൊരു
മൂന്നാംകിട തയ്യൽക്കാരൻ
മുന പോയ കത്രിക കൊണ്ടു വെട്ടി -
ക്കുളമാക്കിയ പോലെ കാണ്മൂ.

7
- പഞ്ചാരമില്ലു തൊഴിലാളി - രക്ത-
മാംസങ്ങളെപ്പോലിരിപ്പു
- അല്പമടുത്തുന്നു നോക്കീടുന്നൊ -
രാൾക്കയാളെന്തെന്നു കാണാം.
-തൊട്ടാൽ ശരിക്കൊരു മില്ലുപണി -
ക്കാരന്നുടൽ തന്നെയാണ്.
- വ്യത്യസ്തമെന്നു തെളിയും നേർത്ത
വസ്തുവാൽ നിർമ്മിച്ചതെന്ന് .
-രൂപം പരുക്കനാണെന്നാൽ, അയ-
ഞ്ഞേറെയഴകൊഴായെന്ന്.
- വില കെട്ട പരുത്തിത്തുണിപോൽ, അല്ലേൽ
പരുത്തിക്കഷണങ്ങൾ പോലെ
- ഭാഷക്കകത്തു മുഷിഞ്ഞു കീറി
നാറും പഴന്തുണിക്കെട്ട്

12
- പഞ്ചാരമില്ലു തൊഴിലാളി
കണ്ടാൽ കളിമണ്ണു പോലെ
- അരികത്തു ചെന്നാലറിയാം കുറേ -
ക്കൂടി നരച്ചതാ മണ്ണ്.
- പഞ്ചാരമില്ലു തൊഴിലാളി
നിഴൽ പോലിരുണ്ടാകെ മങ്ങി.
- പഞ്ചാരമില്ലിന്റെ യന്ത്രസ്റ്റീലു-
പോൽ തിളങ്ങാൻ പഠിക്കാത്തോൻ
- ചെറു മില്ലിൽ താനിളക്കുന്ന -വാറ്റു-
യന്ത്രക്കിടാരത്തിൻ ചെമ്പ്,
മങ്ങിയ ചെമ്പതുപോലെ പോലു-
മാവില്ലവനു തിളങ്ങാൻ.
- കൈയ്യിന്നുരക്കടലാസാൽ താൻ
നിത്യം തുടച്ചു മിനുക്കും
തൂമ്പപ്പിടി പോലെ പോലും
തിളങ്ങാൻ പഠിച്ചതില്ലായാൾ.

17
-പഞ്ചാരമില്ലു തൊഴിലാളി
കണ്ടാൽ കറുത്തോ വെളുത്തോ.
- അരികത്തു ചെല്ലുകിൽക്കാണാം,തനി
നിറമയാൾക്കെന്തെന്ന് - മഞ്ഞ.
- പഞ്ചാരമില്ലു തൊഴിലാളി
മഞ്ഞച്ചു തന്നെയെപ്പോഴും
- ചീർത്തോരു മഞ്ഞ, ചെറുതായ്
പച്ചച്ഛവിയുള്ള മഞ്ഞ
- ആ മഞ്ഞളിച്ചോരു പച്ച
നീല തൊടാത്തൊരാപ്പച്ച
- മറ്റൊരാളിൽ കണ്ടുവെന്നാൽ
രോഗമെന്നതിനെ വിളിക്കും.
- പ്രത്യേകതയുള്ള പച്ച
പച്ചച്ചൊരുതരം സ്വർണ്ണം
ആട്ടേ കറുപ്പോ വെളുപ്പോ
ആയാൾക്കതേ സ്വന്തവർണ്ണം.

3
- പഞ്ചാരമില്ലു തൊഴിലാളി
ഉറങ്ങിക്കിടക്കുന്ന നേരം
- തന്റെ സ്വകാര്യമാം സ്വപ്നം പോലും
കാണുവാൻ ശേഷിയില്ലാത്തോൻ.
- കൺപോളകൾക്കു പിറകിൽ ചല -
ച്ചിത്രങ്ങൾ കാണുന്നവർതൻ
വശ്യ വിമോഹകമാകും
ദൂരനോട്ടം നഷ്ടമായോൻ
- തന്റെ കൺപോളപ്പിറകിൽ
കാൺമതൊരേയിരുൾ മാത്രം.
ആയതിലൊറ്റക്കിനാവും
ആകാ പ്രദർശിപ്പിച്ചീടാൻ.

8
- പഞ്ചാരമില്ലു തൊഴിലാളി
ഉറക്കത്തിലല്ലാത്ത നേരം
- കടലിലെക്കള പോലെ കാൺമൂ
ഉറക്കത്താലിപ്പോഴും നനഞ്ഞ്.
- ഉറക്കത്തിലല്ലാത്ത നേരം
ഉണർവിലുമല്ലയാൾ ശരിക്കും
ആഴം കുറഞ്ഞോരുറക്കിൽ
വെറുതേ നടക്കുക മാത്രം.
-വരണ്ട ബോധത്തിലേക്കെഴുനേ-
റ്റീടാനയാളെ വിടാതെ
നനച്ചു കുതിർക്കും ചടപ്പിൽ
നിന്നയാൾക്കില്ല സ്വാതന്ത്ര്യം.
- പഞ്ചാരമില്ലു തൊഴിലാളി -
  ക്കില്ല മുഴുവനുണർച്ച
  നടക്കുന്നുറക്കച്ചതുപ്പിൽ
  ഇപ്പോഴുമായാൾ ചെളിയിൽ.

13
- പഞ്ചാരമില്ലു തൊഴിലാളി
പണിയെടുക്കുന്ന നേരത്ത്
- കൈകാര്യം ചെയ്യുന്ന വസ്തു -
വൊക്കെയയാൾക്കു കനത്ത്.
- നമ്മുടെ ചോരയെക്കാളും
നേർത്തതെന്നാലുമവൻമേൽ
കട്ടിക്കുറുക്കു ചാർ പോലേ കനം
തൂങ്ങുന്നവനിലെച്ചോര
- തിളപ്പിച്ചു കാച്ചിക്കുറുക്കി -
ക്കുറുക്കിക്കൊഴുപ്പിച്ചെടുത്ത
കരിമ്പിന്റെ ചാറുകണക്കെ.
- പഞ്ചാരമില്ലു തൊഴിലാളി -
യ്ക്കുണ്ടു ഭാരിച്ചോരു താളം
- ഒടുവിലെ വാറ്റിലുണ്ടായ
ഒടുവിലത്തെപ്പാവു പോലെ.

18
- പഞ്ചാരമില്ലു തൊഴിലാളി
പണിയെടുക്കാത്ത നേരത്ത്
- വസ്തുക്കളെല്ലാം കനത്തു -
തന്നെത്തുടരുന്നയാൾക്ക്
- അല്പവസ്ത്രത്തിൽ ഞെരിഞ്ഞ്
ഇല്ലാത്ത ഷൂസിൽ കനത്ത്.
- വല്ലതുമേറ്റുന്ന നേരം
ഒന്നും ചുമക്കാത്ത നേരം
ചലിക്കുന്ന നേരം, ചലിക്കാ -
തിരിക്കുന്ന നേരത്തുമെല്ലാം
ഒരു പോൽ കനത്തു തൂങ്ങുന്നു -
ണ്ടായാൾക്ക് തന്നുടെ കൈകൾ
- മിൽത്തൊഴിലാളിക്കു തന്റെ
നിശ്വാസം കൂടിയും ഭാരം
- നടക്കും നിലത്തിന്റെ ഭാരം പോലു-
മായാളനുഭവിക്കുന്നു.

4
- പഞ്ചാരമില്ലു തൊഴിലാളി
താൻ തൊടും വസ്തുക്കൾക്കെല്ലാം
മഞ്ഞളിപ്പൽപ്പം പകർന്നു
നൽകുന്നു തൻ സ്പർശനത്താൽ
- വെൺമ പഞ്ചാരക്കു നൽകാൻ
ചേർക്കും കളിമണ്ണു പോലെ.
- പഞ്ചാരമില്ലു തൊഴിലാളി, പക്ഷേ
വെളുപ്പിക്കയല്ല ചെയ്യുന്നു.
- കളിമണ്ണു പോലെത്തുളഞ്ഞേ-
റുന്നവൻ, പക്ഷെ,യൊക്കേയും
വൃത്തികേടായിത്തീരുന്നു.
- വൃത്തിയെ വൃത്തികേടാക്കി -
ത്തള്ളുന്നഴുക്കിന്റെ പിന്നിൽ
- ഷർട്ടിന്മേൽ ജീവിതത്തിന്മേൽ
താൻ തൊടും വസ്തുക്കളിന്മേൽ
ഒക്കെപ്പുരണ്ടോരഴുക്ക്.

9
- പഞ്ചാരമില്ലു തൊഴിലാളി
ജീവിച്ചിടുന്നു മഞ്ഞച്ച്
കരിമ്പുതോട്ടങ്ങൾ നിറഞ്ഞ
പെർണാമ്പുക്കോ നീലക്കുള്ളിൽ
- കരിമ്പോലത്തുറുവിന്റെ മഞ്ഞ,
അതിനേക്കാൾ മഞ്ഞച്ചതല്ലോ
ആത്മവീര്യത്തിലേക്കെത്താൻ
അവനെത്തുണക്കുമീ മഞ്ഞ.
- പഞ്ചാരമില്ലു തൊഴിലാളി
സാന്ദ്രമാം സത്തായ മഞ്ഞ.
- ഉടലിലും മഞ്ഞ, മനസ്സിൻ
നിലയിലുമായവൻ മഞ്ഞ
- ഈ മഞ്ഞ വിശദീകരിപ്പൂ
അവനിലെശ്ശാന്തഭാവത്തെ.
- വിജ്ഞാനം പോലെ, വിവേകം
പോലെ നാം കാണും ഭാവത്തെ.
- ശാന്തതയല്ലതു പക്ഷേ
ഇല്ലായ്മ, ജാഡ്യ,മാകുന്നു.

14
- പഞ്ചാരമില്ലു തൊഴിലാളി
മഞ്ഞച്ചു നിലകൊണ്ടിടുന്നു
വർണ്ണാഭമായ ലോകത്തും
എത്തുന്നയാൾ കള്ളുമായി.
- കരിമ്പിൻ കള്ളാദ്യമയാളെ
തുടുപ്പിച്ചിടുന്നിതേതാണ്ട്.
തല നീർത്തി നില്പതേപ്പറ്റി
ചിന്തിപ്പൂ ,മഞ്ഞ മറന്ന്.
- റോസാത്തുടുപ്പു പതുക്കെ നീല -
ലോഹിതമായി മാറുന്നു.
-തല നീർത്തിപ്പോകുവാനല്ല, ചത്തു -
തുലയാനയാൾ വെമ്പിടുന്നു.
- മഞ്ഞച്ച ജീവിതമൊടുക്കം
മടങ്ങുന്നനിവാര്യമായി.
- തൊട്ട ദിവസത്തിൻ മപ്പിൻ
മഞ്ഞക്കടുപ്പത്തിനുള്ളിൽ

19
- പഞ്ചാരമില്ലു തൊഴിലാളി
മഞ്ഞച്ചു കൊണ്ടു കാണുന്നു
റോസാത്തുടുപ്പുള്ള ബ്രസീൽ.
താൻ ജീവിക്കും നാട്, പക്ഷേ
അങ്ങനെ തോന്നാത്ത നാട് .
- പുഴയിലെ വെള്ളമയാൾക്ക്
ചെളി നിറം, നീലിച്ചതല്ല.
മേഘങ്ങൾ ചാക്കുനിറത്തിൽ
ചാക്കിൻ നരച്ച തവിട്ടിൽ
- പഞ്ചാരമില്ലു തൊഴിലാളി -
ക്കൊരു പുൽമേടല്ല തൻ നാട്.
- കാട്ടുന്നയാൾക്കൊരേ മങ്ങും
  പച്ചിലച്ചാർത്തോരോ നാളും
- തന്നന്ത്യം ചായമടിക്കാൻ
എത്തും മൃതിയും വ്യത്യസ്തം
- കറുപ്പിന്നു പകരമണിയിപ്പൂ
കാക്കി നിറമതയാൾക്ക്.

5
- പഞ്ചാരമില്ലു തൊഴിലാളി
പനിച്ചു കിടക്കുന്ന നേരം
- മഞ്ഞപ്പനിയല്ലതെന്നാൽ
മലമ്പനിയാണത്, പച്ച.
- മനുഷ്യനായ്ക്കാണുമയാൾതൻ
ദേഹപ്പുറമേ തൊട്ടെന്നാൽ
ഒടുവിലവന്റെയടുപ്പിൽ
തീപ്പിടിച്ചെന്നപോൽ തോന്നും.
- നിങ്ങളവന്റെ ദേഹത്തിൻ
ഉൾവശത്തൊന്നു തൊട്ടെങ്കിൽ
- കാണാ,മതു ചൂളയെങ്കിൽ
അതിനില്ലടിത്തറയെന്ന്.
- പഞ്ചാരമില്ലാണവന്റെ ദേഹ -
മെങ്കിലതിൻ തീ തണുത്ത്.
അല്ലെങ്കിൽ കെട്ട്, മരവിച്ച്.
- ഒന്നൊന്നും ശുദ്ധീകരിക്കാൻ
ആവതില്ലാത്തൊരു മില്ല്.
ഒക്കെ മറ്റുള്ളോർക്കെത്തിക്കാൻ
വിതരണം ചെയ്യുന്ന മില്ല്.

10
- പഞ്ചാരമില്ലു തൊഴിലാളി
മരിക്കാൻ കിടക്കുന്ന നേരം
- ഉള്ളിൽ നിന്നും തിളങ്ങീടാൻ
തുടങ്ങുന്നയാളുടെ മഞ്ഞ
- നേടുന്നയാളൊരു ചില്ലു-
ശോഭ, ചോരച്ചോപ്പു വറ്റി
വിളർത്തു വരണ്ട പരൽ പോൽ.
- മെഴുകുതിരിയുടെ മെഴുക്
നല്ലോരുദാഹരണമതിന്.
- നേടുന്നയാളൊരു സാദാ
മെഴുകുതിരിച്ചില്ലു ശോഭ
- ആയാൾ മരിക്കുന്ന നേരം
അവർ കൊളുത്തും തിരിശ്ശോഭ.
- ആത്തിരി തൻ മെഴുകു മാംസം
അവനുടെ സ്വന്തമെന്നോണം.
- നാളമോ വിസ്മയിക്കുന്നൂ
അവരെന്തവനുടെ മാംസം കൂടി
കൊളുത്തിത്തെളിയിച്ചിടാത്തൂ.

15
- പഞ്ചാരമില്ലു തൊഴിലാളി
മരിച്ച്, ശവമെടുക്കുമ്പോൾ.
-ഒഴിഞ്ഞോരു ശവപ്പെട്ടി തന്നെ -അയാൾ
മറ്റൊരു ശവപ്പെട്ടിക്കുള്ളിൽ.
- ഉള്ളിൽ വഹിപ്പതെന്തെന്നോ
ശൂന്യത തന്റെ മരണം
-മൃതി ശൂന്യമായതിൽ പിന്നെ
അതിനില്ലകവശമേതും.
- അവനു കഴിയുകയില്ല
വാടകശ്ശവപ്പെട്ടിയുള്ള -
ടക്കമായ് മാറുവാൻ പോലും.
-ശൂന്യമായ് തീർന്നതിൻ ശേഷം - അവൻ
അടിയിൽ തുന്നിച്ചേർത്ത പാളി.
- മിൽപ്പണിക്കാരന്നടക്കം ഒരു
തേങ്ങ കുഴിച്ചിടും പോലെ.
- പൊള്ളയാമുള്ളിന്നു ചുറ്റും
ഒരു പിടി മാത്രം പൊതിച്ചിൽ

20
- പഞ്ചാരമില്ലു തൊഴിലാളി
മരിച്ച്, മണ്ണിന്നടിപ്പെട്ട്.
- വന്നു വീഴുന്നവയെല്ലാം
വേഗമൊടുക്കുന്നയാളെ.
- കരിനിലം കൽനിലമായീടുന്നു
വരൾ നിലമാകുന്നു കാട്.
- മഞ്ഞുകാലത്തിനെ വേന-
ലാക്കുവാൻ സൂര്യനും കൂട്ട് .
- എല്ലുകൾ നന്നായ് ചവയ്ക്കാൻ
നായ്ക്കളാകുന്നൂ പുഴുക്കൾ
- കരിമ്പു പാടത്തിലെ കാറ്റും
ഒടുങ്ങാൻ സഹായിച്ചിടുന്നു
-വാതകജാലം (ആത്മാവ് ) തൂത്ത്
ശുദ്ധീകരിക്കാനയാളെ.

1961

പരിഭാഷകന്റെ കുറിപ്പ്

ഇരുപതാം നൂറ്റാണ്ടിലെ ബ്രസ്സിലിയൻ കവിതയിൽ നാൽപ്പതുകളിലെ തലമുറയിൽ പെട്ട പ്രധാന കവിയാണ് ഷാവോ കബ്രാൾ ഡി മെലോ നെറ്റോ. ബ്രസീലിലെ റിസൈഫിനടുത്തുള്ള പെർണാമ്പുക്കോ പ്രദേശത്തെ കരിമ്പിൻ തോട്ടങ്ങളുടേയും മില്ലു തൊഴിലാളി ജീവിതങ്ങളുടേയും പശ്ചാത്തലത്തിൽ ധാരാളം കവിതകൾ എഴുതിയുണ്ട്. തന്റെ നാട്ടിലെ കാപ്പിബാരിബ് നദിയെക്കുറിച്ചെഴുതിയ തൂവലില്ലാത്ത നായ അക്കൂട്ടത്തിൽ പ്രധാനം. പൊതുവേ കാവ്യാത്മകമല്ലാത്ത വാക്കുകളുപയോഗിച്ച് എഴുതാനാണ് ഈ കവിക്കിഷ്ടം. ഉള്ളിലെ ശൂന്യത നിറക്കാനാണ് താൻ കവിതയെഴുതുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. കാവ്യാത്മകമല്ലാത്ത വാക്കുകൾ കൊണ്ട് കാവ്യബിംബങ്ങളിലേക്കും പ്രമേയങ്ങളിലേക്കും ചുഴിഞ്ഞു ചുഴിഞ്ഞ് ഇറങ്ങിപ്പോകുന്നതാണ് ഇദ്ദേഹത്തിന്റെ രചനാരീതി. ചെറു കവിതകളും ദീർഘ കാവ്യങ്ങളും എഴുതിയിട്ടുണ്ട്.

തന്റെ നാട്ടിലെ മരിച്ചു കൊണ്ടിരിക്കുന്ന കാപി ബാരിബ് നദിയെക്കുറിച്ചെഴുതിയ തൂവലില്ലാത്ത നായ എന്ന നീണ്ട കവിതയാണ് എന്നെ ആദ്യം ആകർഷിച്ചത്. ഭാരതപ്പുഴയുടെ മരണം തീരത്തിരുന്ന് മൂകമായനുഭവിക്കുന്നതിന്റെ വിങ്ങൽ ആണ് ആ കവിത പരിഭാഷപ്പെടുത്താൻ പ്രേരണയായത്. അതിന്റെ തുടർച്ചയായി ചെയ്ത പരിഭാഷയാണിത്. ഒരു തൊഴിലാളിയുടെ ജീവിതത്തെ പല കോണുകളിൽ നിന്ന് നോക്കിക്കാണുന്നതാണീക്കവിത. തോട്ടം തൊഴിലാളിയുടെ ജീവിതത്തെപ്പറ്റി മുതലാളിമാരുടെ വിരുന്നു സൽക്കാര വേളയിൽ ഉയർന്ന കമന്റുകളുടെ രൂപത്തിലാണു കവിതയെന്ന് ശീർഷകം സൂചിപ്പിക്കുന്നു. ഖണ്ഡങ്ങളുടെ ക്രമ വൈചിത്ര്യം സൂചിപ്പിക്കുന്നത് തൊഴിലാളിയുടെ ജീവിതത്തിന്റെ ശൈഥില്യത്തെത്തന്നെയാവാം. പോർച്ചുഗീസ് ഭാഷയിൽ താളത്തിലെഴുതിയ കവിത മലയാളത്തിലും അങ്ങനെ തന്നെയാണ് പരിഭാഷപ്പെടുത്തിയത്.